നിയമ സംവിധാനത്തെ വെല്ലു വിളിച്ച അർജുൻ ആയങ്കി ക്കായി വ്യാപക തിരച്ചിൽ; കാർ ടോള്‍പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ
തൃശൂർ : ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അര്ജുന് ആയങ്കിയെ കണ്ടെത്താന്‍ വ്യാപക തിരച്ചിലുമായി പൊലീസ്. ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന് അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി. ഇയാളെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ദൃശ്യം പുറത്തു വന്നു.
ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇൻസ്റ്റഗ്രാം വഴി ഭീഷണി സന്ദേശം അയച്ചതിന് അർജുൻ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. നേരത്തേ കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത് കുമാറിനെ അർജുൻ ആയങ്കി സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല ഊന്നുകൽ ഇൻസ്പെക്ടർക്കായിരുന്നു. കഴിഞ്ഞ മേയിൽ പുന്നേക്കാട് റിസോർട്ടിൽ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനൽ ഗൂഢാലോചനയ്ക്കുള്ള ശ്രമമെന്ന പേരിൽ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആയങ്കി തിരിഞ്ഞത്.
ഗൂഢാലോചനക്കേസിൽ ഒരു മാസത്തിലധികം റിമാൻഡിൽ കഴിഞ്ഞു ജാമ്യത്തിലിറങ്ങിയപ്പോഴാണു കോതമംഗലം ഇൻസ്പെക്ടർക്കെതിരെ, തന്നെ കള്ളക്കേസിൽ കുടുക്കിയതിനാൽ പെൻഷൻ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നു ഭീഷണി മുഴക്കിയത്. ഇതിന്റെ പേരിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അന്വേഷണത്തിന് ഊന്നുകൽ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അർജുൻ വീണ്ടും പൊലീസിനെതിരെ തിരിഞ്ഞത്. സ്റ്റേഷനിൽ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും കഴിയുമെങ്കിൽ തന്നെ പിടിക്കൂ എന്നുമാണ് വെല്ലുവിളി.

