നീറ്റ് പരീക്ഷ; സമരം ചെയ്ത കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ബലപ്രയോഗം. ആംനസ്റ്റി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലും ബിഹാറിലും നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയത് കടുത്ത നിയമവിരുദ്ധ ലംഘനങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ.പെല്ലറ്റ് തോക്കുകൾ, കണ്ണീർവാതകം, ഷീൽഡുകൾ,ഇലക്ട്രിക് ബാറ്റണുകൾ എന്നിവ ഉപയോഗിച്ചാണ് പോലീസ് സമരക്കാരെ അടിച്ചമർത്തിയതെന്ന് ആംനസ്റ്റി പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സമരരംഗത്തുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയത്.
ബിഹാറിൽ പ്രക്ഷോഭകർക്ക് നേരെ എ.കെ. ടൈപ്പ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തതായും തെളിവുകൾ വ്യക്തമാക്കുന്നു.സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും ആംനസ്റ്റി വിമർശിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഇത്തരം പോലീസ് നടപടികളെക്കുറിച്ച് ഉടനടി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

