കയ്യിൽ വാച്ച് നോക്കിയപ്പോൾ സംശയം തോന്നി , സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എംഡിഎംഎ
തലശ്ശേരി:വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എംഡിഎംഎകൈവശം വെച്ചതിന് യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പൂവളപ്പ് തെരുവിലെ എസ്.എ ഹൗസിൽ താമസിക്കുന്ന എസ്. സജീർ (32) ആണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെ മഞ്ഞോടിയിൽ വെച്ചായിരുന്നു സംഭവം. പോലീസ് വാഹനം കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ ഇയാൾ കൈ പുറകിൽ കെട്ടി വാച്ച് മറച്ചുപിടിക്കാൻ ശ്രമിച്ചു.
സംശയം തോന്നിയ പോലീസ് വാച്ച് അഴിച്ച് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം വിസമ്മതിച്ചു. വീണ്ടും ആവശ്യപ്പെട്ടതോടെ അഴിച്ച് നൽകിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് 3000 രൂപയ്ക്കാണ് ലഹരി വാങ്ങിയതെന്ന് സജീർ പോലീസിനോട് സമ്മതിച്ചു.
വാട്സാപ്പിലൂടെയാണ് വിൽപ്പനക്കാരനെ പരിചയപ്പെട്ടതെന്നും, സാധനം ഉണ്ടോ എന്ന് ചോദിച്ച് വിളിച്ചാൽ പണവുമായി എത്താൻ പറയുന്നതാണ് രീതിയെന്നും ഇയാൾ മൊഴി നൽകി. തലശ്ശേരി എസ്.ഐ അശ്വിൻ റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.n

