ഭാര്യയെയും രണ്ട് പുരോഹിതരെയും വെടിവെച്ച് മൂന്ന് മക്കളെ ബന്ദികളാക്കിയ സംഭവത്തിൽ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
അസംഗഢ്: ഭാര്യയെയും രണ്ട് പുരോഹിതരെയും വെടിവെച്ച് മൂന്ന് മക്കളെ ബന്ദികളാക്കിയ സംഭവത്തിൽ ഉത്തർപ്രദേശിലെ അസംഗഢിൽ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു സംഭവത്തിനിടെ ഇയാൾ സ്വന്തം മകനെയും വെടിവെച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം ആരംഭിച്ചത്. അർവിന്ദ് സിങ് വീട്ടിലെത്തിയപ്പോൾ ഭാര്യ ബബിത സിങ് (32) പുരോഹിതരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവർക്കൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് അർവിന്ദും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അർവിന്ദ് ആദ്യം ഭാര്യയെ വെടിവെക്കുകയും പിന്നീട് രണ്ട് പുരോഹിതർക്കുനേരെ വെടിയുതിർക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൂന്ന് മക്കളെയും മുറിയിൽ പൂട്ടിയിട്ട് ഇയാൾ അവിടെ തന്നെ തുടരുകയായിരുന്നു.
വാരണാസി സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നവീൻ അറോറയുടെ വിശദീകരണമനുസരിച്ച്, അർവിന്ദ് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. രാവിലെ വരെ കാത്തിരിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഏഴ് മണിക്കൂറോളം പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട് അർവിന്ദ് വീടിനുള്ളിൽ നിന്ന് വെടിയുതിർത്തതോടെ പൊലീസ് സംഘം അകത്ത് പ്രവേശിക്കാൻ നിർബന്ധിതരായി.
വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച പൊലീസ് സംഘം സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ചു. അകത്ത് കടന്ന പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയും വെടിയുതിർത്തതിനെ തുടർന്ന് പൊലീസ് തിരിച്ച് വെടിയുതിർത്തെന്നാണ് എ.ഡി.ജി.പി. വ്യക്തമാക്കിയത്.
പൊലീസ് മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതിനിടെയാണ് ഒരു ആൺകുട്ടിക്ക് വെടിയേറ്റതായി കണ്ടെത്തിയത്. മറ്റ് രണ്ട് പെൺകുട്ടികൾ മാനസിക ആഘാതത്തിലായിരുന്നെന്നും നിർജലീകരണം അനുഭവപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. മൂത്ത മകളെ അർവിന്ദ് മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റ അർവിന്ദിനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരിച്ചതായി അസംഗഢ് എസ്.എസ്.പി. ഡോ. അനിൽ കുമാർ അറിയിച്ചു.
സംഭവസ്ഥലത്ത് തെളിവുകൾ ശേഖരിക്കുന്നതടക്കമുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
അർവിന്ദിന്റെ പെരുമാറ്റത്തെക്കുറിച്ച് നേരത്തെ പരാതികളുണ്ടായിരുന്നെന്ന് പൊലീസ്
അർവിന്ദിന്റെ പെരുമാറ്റത്തെക്കുറിച്ച് അമ്മയും ഭാര്യയും നേരത്തെ പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

