വികാരിയെ മാറ്റും വരെ സമരം തുടരും: കോഴിക്കോട് പുതിയറ സി.എസ്.ഐ പള്ളിയിൽ വിശ്വാസികളുടെ വൻ പ്രതിഷേധം
കോഴിക്കോട്: പുതിയറ ഷോഫ്ളർ മെമ്മോറിയൽ സി.എസ്.ഐ പള്ളിയിൽ സഭാ ഭരണഘടനാ ലംഘനങ്ങളും തിരഞ്ഞെടുപ്പ് അട്ടിമറിയും ആരോപിച്ച് വിശ്വാസികളുടെ വൻ പ്രതിഷേധ കൂട്ടായ്മ നടന്നു. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കു മുന്നിലായിരുന്നു നിരവധി വിശ്വാസികൾ അണിനിരന്ന പ്രതിഷേധം.മലബാറിലെ ആദ്യകാല സഭകളിലൊന്നായ ഇവിടെ, ഇടവക വികാരി റവ. ശോഭൻ കുമാർ ഡാനിയേലും കമ്മിറ്റിയും ചേർന്ന് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് വിശ്വാസികളുടെ പ്രധാന ആരോപണം.സഭയുടെ ബിഷപ്പ് വികാരിയെ ഇലക്ഷൻ ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ട് ഇറക്കിയ ഉത്തരവ് ഞായറാഴ്ച ആരാധന മദ്ധ്യേ വായിക്കാതെ മറച്ചുവെച്ച് വികാരി ഗുരുതരമായ അച്ചടക്ക ലംഘനവും നടത്തിയെന്നും വിശ്വാസികൾ ആരോപണം ഉന്നയിച്ചു.പ്രതിഷേധിക്കുന്നവർ ആരും സഭക്കോ സഭാധ്യക്ഷനായ ബിഷപ്പിനോ എതിരല്ലെന്ന് പറഞ്ഞ വിശ്വാസികൾ
റവ.ശോഭൻ കുമാർ ഡാനിയൽ എന്ന അച്ചനെ ഈ പള്ളിയിൽ നിന്ന് മാറ്റുന്നത് വരെയും സഭാ ജനങ്ങൾക്ക് വലിയ നീതി നിഷേധം സമ്മാനിച്ചതിന് കൂട്ടുനിന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചു പോകാതെയും ഈ പ്രക്ഷോഭം യാതൊരുവിധത്തിലും അവസാനിക്കുകയില്ലെന്ന് സംഘാടകരായ എഡ്വേർഡ് ഫെലിക്സ്, രജ്ജിത്ത് ജോൺ കുനിയത്ത്, ജെറി പീറ്റർ, റെയ്നർ കുനിയത്ത് എന്നിവർ അറിയിച്ചു

