AI girlfriend

കര്‍ണാടക നിയമസഭാ കൗണ്‍സിലിലേക്ക് ( എംഎല്‍സി ) ബി.ജെ പി ക്ക് ജയം

ബെംഗളൂരു: കര്‍ണാടക നിയമസഭാ കൗണ്‍സിലിലേക്ക് (എംഎല്‍സ) നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. വോട്ടെടുപ്പ് നടന്ന നാല് സീറ്റിലും ബിജെപി സഖ്യം ജയിച്ചു. മൂന്ന് സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ ജെഡിസുമാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ നാല് സ്ഥാനാര്‍ഥികളും തോറ്റു. അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും സംവരണം ചെയ്ത മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്.

മുന്‍ഗണനാ വോട്ടെടുപ്പ് രീതി ആയതിനാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു പോളിങ്. ബിജെപിയുടെ എസ്‌വി സന്‍കനുര്‍, കെഎം സുരേഷ്, ഷശീല്‍ ജി നമോഷി എന്നിവരാണ് ജയിച്ചത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാടായ കലബുറഗി ഉള്‍പ്പെടുന്ന മണ്ഡലത്തിലാണ് നമോഷി തുടര്‍ച്ചയായ അഞ്ചാംതവണ ജയിക്കുന്നത്.

പാര്‍ലമെന്റിലെ ലോക്‌സഭാ-രാജ്യസഭാ എന്ന പോലെ കര്‍ണാടകയില്‍ നിയമനിര്‍മാണ സഭയും നിയമനിര്‍മാണ കൗണ്‍സിലുമുണ്ട്. നിയമസഭയിലേക്ക് ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യും. കൗണ്‍സിലിലേക്ക് നിര്‍ദേശിക്കപ്പെട്ട വ്യക്തികള്‍ക്കാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. കര്‍ണാടക നിയമസഭാ കൗണ്‍സിലില്‍ 75 സീറ്റുകളുണ്ട്. എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപകര്‍, ബിരുദധാരികള്‍ എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുംവിധമാണ് വിഭജനം. കൂടാതെ സര്‍ക്കാര്‍ നാമ നിര്‍ദേശം ചെയ്യുന്ന അംഗങ്ങളും കൗണ്‍സിലിലുണ്ടാകും.

നിലവില്‍ രണ്ട് അധ്യാപക മണ്ഡലത്തിലേക്കും രണ്ട് ബിരുദധാരികകളുടെ മണ്ഡലങ്ങളിലേക്കുമായിരുന്നു വോട്ടെടുപ്പ്. ഇവിടെ വോട്ട് ചെയ്യുന്നത് ബന്ധപ്പെട്ട മേഖലയിലുള്ളവരാണ്. ഇവര്‍ക്ക് പ്രത്യേക വോട്ടര്‍ പട്ടികയുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വോട്ട് ചെയ്യുന്ന 25 സീറ്റുകളും എംഎല്‍എമാര്‍ വോട്ട് ചെയ്യുന്ന 25 സീറ്റുകളുമുണ്ട്. 11 സീറ്റുകള്‍ നാമനിര്‍ദേശം ചെയ്യുന്നവയാണ്. ബാക്കിയാണ് അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും തുല്യമായി വീതിച്ചിട്ടുള്ളത്.

ഈ മാസം 23നാണ് നാല് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. മൊത്തം 43 പേര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. വരാനിരിക്കുന്ന ബെംഗളൂരു കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എന്താണ് ജനവികാരം എന്ന് ഇതില്‍ നിന്ന് മനസിലാക്കാമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *