മഴ തീവ്രമാകുന്നു: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മറ്റ് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.
യെലോ അലർട്ട്
26/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/07/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
28/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
29/07/2025: കണ്ണൂർ, കാസർകോട്
30/07/2025: കണ്ണൂർ, കാസർകോട്
യെലോ അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതിജാഗ്രത പാലിക്കണം.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD & കല്ലേലി സ്റ്റേഷൻ), തുമ്പമൺ സ്റ്റേഷൻ- CWC)
മഞ്ഞ അലർട്ട്
തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)
കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (പന്തളം സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമൺ-CWC)
ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)
തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
കണ്ണൂർ : വളപട്ടണം (അയ്യപ്പൻകാവ് & അനുങ്ങോട് സ്റ്റേഷൻ)
വയനാട് : കബനി (ബാവേലി സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കണം.. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

