ഗാന്ധിജിക്ക് മുകളിൽ സവർക്കർ ; സർവർക്കർ ഗാന്ധിവധത്തിലെ പ്രതിയായിരുന്നു. – ജോൺ ബ്രിട്ടാസ്
ന്യൂഡെൽഹി:
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി.ഡി. സവർക്കറെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളിൽ പ്രതിഷ്ഠിച്ചത്
രാഷ്ട്രത്തിൻ്റെ മത നിരപേക്ഷ പ്രതിബദ്ധതയെ അട്ടിമറിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി.
രാഷ്ട്രപിതാവിൻ്റെ വധത്തിൽ പ്രതിയായിരുന്നു സവർക്കറെന്ന് ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് സവർക്കറെ ഗാന്ധിജിക്ക് മുകളിൽ പ്രതിഷ്ഠിച്ചത്.
ഈ നടപടിയെ കോൺഗ്രസും രൂക്ഷമായി വിമർശിച്ചു.
ഗാന്ധിജിക്ക് മേലെ സവർക്കറെ സ്ഥാപിക്കുന്നത് വഴി മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കാനാണ് ആർഎസ്എസ് ശ്രമമെന്നും തൽക്കാലം അതിനു കഴിയാത്തതുകൊണ്ടാണ് സവർക്കറെ മുകളിൽ കൊണ്ടുപോകുന്നതെന്നും സിപിഎം വിമർശിച്ചു
*ജോൺ ബ്രിട്ടാസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്*
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി.ഡി. സവർക്കർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളിൽ ! കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് ഈ സവർക്കർ വീരാരാധന . ഇത് യാദൃശ്ചികമല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രവൃത്തിയാണെന്ന് മനസ്സിലാക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല . പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേർ എതിർവശം സവർക്കറേ പ്രതിഷ്ഠിച്ചവരാണ് ഇവർ .
ഗവൺമെന്റിന്റെ നടപടികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നത് . ഗാന്ധിജിയുടെ വധത്തിൽ സവർക്കർ ഒരു പ്രതിയായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം കുറ്റവിമുക്തനായെങ്കിലും, പിന്നീട് കപൂർ കമ്മീഷൻ സവർക്കറിനെതിരെ സാഹചര്യ തെളിവുകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശ്രദ്ധേയമാണ്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം.

