ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയും വിശ്വ ഹിന്ദു പരിഷത് മഹിളാ നേതാവും അടക്കം നാല് പേര്‍ അറസ്റ്റില്‍.

മംഗളൂരു: ( www.10visionnews.com ) ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്.

ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ് സിസേറിയനിലൂടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ വിൽക്കാൻ വിജയലക്ഷ്മിയും ഡോ. ​​സോമേഷും ഗൂഢാലോചന നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഷിർവയിലെ കല്ലുഗുഡ്ഡെയിൽ നിന്നുള്ള രമേശ് മൗല്യ – പ്രഭാവതി ദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

“ബന്ധുവായ പ്രിയങ്കയാണ് ഇവരെ വിജയലക്ഷ്മിക്ക് പരിചയപ്പെടുത്തിയത്. പ്രഭാവതിയും ഭർത്താവും കുഞ്ഞിനെ അംഗൻവാടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ദമ്പതികൾക്ക് കുട്ടികളില്ലെന്നറിയാവുന്ന ജീവനക്കാർക്ക് സംശയം തോന്നി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയിൽ വിവരമറിയിച്ചു.

തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു.കുഞ്ഞിനെ 4.5 ലക്ഷം രൂപക്ക് പകരമായി പ്രഭാവതിക്കും ഭർത്താവിനും കൈമാറുകയായിരുന്നെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ സ്ഥിരീകരിച്ചു. വിജയലക്ഷ്മിക്ക് നിരവധി സംഘടനകളുമായി ബന്ധമുണ്ടെന്നും മംഗളൂരുവിൽ ആശുപത്രി കാന്റീൻ നടത്തുന്നുണ്ടെന്നും എസ് പി ശങ്കർ വെളിപ്പെടുത്തി.മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രഭാവതിയെയും ഭർത്താവിനെയും ബന്ധു പ്രിയങ്കയെയും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ല. കാർക്കള അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *