ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്‍
ലിവോര്‍ണോ: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് തിരികെ അയച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്. സിം വിര്‍ജീനിയ (ZIM Virgina)എന്ന ഇസ്രഈലി കണ്ടെയ്‌നര്‍ കപ്പലാണ് ഇറ്റലിയിലെ തുറമുഖത്തെത്തിയിട്ടും ചരക്കുകള്‍ ഇറക്കാനോ കയറ്റാനോ സാധിക്കാതെ തുറമുഖം വിട്ടത്. സിം വിര്‍ജീനിയ കപ്പല്‍ തീരത്തെത്തിയിട്ടും കപ്പലിന് ആവശ്യമായ സേവനങ്ങള്‍ നല്‍കില്ലെന്ന് തുറമുഖത്തെ തൊഴിലാളികള്‍ നിലപാടെടുക്കുകയായിരുന്നു.
ചെറുതും വലുതുമായ എല്ലാ ഡോക്ക് തൊഴിലാളി ഗ്രൂപ്പുകളും ഒന്നിച്ചാണ് ഇസ്രഈല്‍ കപ്പലിന് സേവനം നല്‍കില്ലെന്ന തീരുമാനമെടുത്തത്.
ഇതോടെയാണ് അഞ്ച് ദിവസം കാത്തിരുന്നതിന് ശേഷം സിം വിര്‍ജീനിയ ലിവോര്‍ണോ തുറമുഖം വിട്ടത്. സ്‌പെയ്‌നിലെ ബാഴ്‌സലോണയിലേക്കാണ് കപ്പല്‍ യാത്ര തിരിച്ചിരിക്കുന്നത്. ലിവോര്‍ണയിലേക്ക് സിം ഇംപീരിയ എന്ന ഇസ്രഈലി കപ്പല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ കപ്പലിനെ ബഹിഷ്‌കരിക്കുമെന്ന് തൊഴിലാളികള്‍അറിയിച്ചിട്ടുണ്ട്. നേരത്തെ സിം ന്യൂസിലാന്‍ഡ് എന്ന കപ്പല്‍ ഇസ്രഈലിലേക്ക് ചരക്ക് കൊണ്ടുപോവുകയാണെന്ന സംശയത്തെ തുടര്‍ന്ന് തൊഴിലാളികള്‍ സേവനങ്ങള്‍ നല്‍കാതെ തിരിച്ചയച്ചിരുന്നു.
അതേസമയം, തുറമുഖത്തെയും പ്രദേശത്തെയും തൊഴിലാളികള്‍ കപ്പലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനാല്‍ താത്കാലികമായി ലിവോര്‍ണോയിലേക്കുള്ള എല്ലാ യാത്രകളും മാറ്റിവെക്കുകയാണെന്ന് സിം വിര്‍ജീനിയയുടെ ഉടമകളായ സിം ഇന്റര്‍ഗ്രേറ്റഡ് ഷിപ്പിങ് സര്‍വീസസ് അറിയിച്ചു.

