മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ

തിരുവനന്തപുരം: കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.ബിനോയ് വിശ്വം നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ അടുത്ത നീക്കം പാര്‍ട്ടി സെക്രട്ടറി നാളെ വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. ഓണ്‍ലൈനായിട്ടാവും യോഗം ചേരുക.

പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. സിപിഐയുടെ നിലപാട് സെക്രട്ടറി വ്യക്തമാക്കിയതാണ്. നാളെ സംസ്ഥാന സെക്രട്ടറി വിശദമായി കാര്യങ്ങള്‍ പറയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് പോകാം. ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നത് ഉചിതമല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പുവെച്ച നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഘ പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതിശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എഐഎസ്എഫ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *