വഞ്ചനാകേസിൽ വ്യവസായി മുഹമ്മദ് ഷെർഷാദ് അറസ്റ്റിൽ.
കൊച്ചി: വഞ്ചനാകേസിൽ വ്യവസായി മുഹമ്മദ് ഷെർഷാദ് അറസ്റ്റി. 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിലാണ് കൊച്ചി പോലീസ് ഇയാളെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തത്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച് വിവാദത്തിലായ വ്യവസായിയാണ് ഷെർഷാദ്.
2023-ൽ പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്നു ഷെർഷാദ്. പലരിൽ നിന്നായി ഈ സ്ഥാപനം പണം വാങ്ങിയിരുന്നു. കൊച്ചിയിൽനിന്നുള്ള രണ്ടുപേരിൽനിന്ന് 40 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, അഞ്ച് ശതമാനം വാർഷിക റിട്ടേൺ, അഞ്ച് ശതമാനം ഷെയർ എന്നിവയായിരുന്നു നിക്ഷേപത്തിനുള്ള വാഗ്ദാനം. എന്നാൽ, ഇവ ഒന്നുംതന്നെ ഷെർഷാദ് നൽകിയില്ലെന്നായിരുന്നു പരാതി
ഇതേത്തുടർന്ന് രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഷെർഷാദിനും സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശരവണനുമെതിരേയാണ് കേസ്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട് സമീപ കാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് ഷെർഷാദ്. കത്ത് ചോർത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരേ ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു

