6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലി അറസ്റ്റിൽ.

കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലി (66) അറസ്റ്റിൽ മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാലു മണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കും. അറസ്റ്റിലായ റോസിലി ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞിന്റേത് െകാലപാതകമാണെന്ന് പൊലീസ് ഇന്നലെ തന്നെ സ്ഥിരീകരിക്കുകയും കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർ‍ന്നാണ് ഇന്നു രാവിലെ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്ന റോസിലിയെ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ  കോടതിയിൽ ഹാജരാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ല. ആരോഗ്യനില മോശമായി തുടരുകയാണെങ്കിൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലാക്കിയേക്കും

ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡൽന മരിയ സാറ. കുഞ്ഞിന്റെ ജ്യേഷ്ഠൻ ഡാനിയേലിന്റെ നാലാം പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. ഇത് ആഘോഷിക്കാൻ കുടുംബം തയാറെടുക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വർഷം മുൻപാണ് റൂത്ത് സ്വന്തം വീട്ടിലേക്കു വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *