വേദനക്കുള്ള മരുന്നു പോലും അവർ നൽകിയില്ല’ ആശുപത്രിയിലെ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിൻ്റെ അത്താണി.
ചികിത്സ നിഷേധിക്കപ്പെട്ട ഒരു മനുഷ്യൻ്റെ അവാസന
വാക്കുകൾ ഒരു വ്യവസ്ഥിക്ക് നേരെയുള്ള ചോദ്യമായി ഉയരുന്നു
കൊല്ലം കരുനാഗപ്പള്ളി പന്മന മനയിൽ പൂജാഭവനിൽ വേണു ( 48 ) അവസാനമായി അയച്ച ശബ്ദ സന്ദേശം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെകടുത്ത അനാസ്ഥ വെളിവാക്കുന്നു
ഒരു ആതുര ചികിത്സ കേന്ദ്രം മനുഷ്യത്വ വിരുദ്ധമായി പെരുമാറിയതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ഇതിലേറെ കാര്യങ്ങൾ കുടുംബവും പങ്കു വെച്ചു.
ശബ്ദ സന്ദേശം…
‘തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഭയങ്കര അഴിമതിയാണ്. നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നില്ലേ, ഒരു മനുഷ്യൻ ഹോസ്പിറ്റലിൽ വന്ന് എന്തെങ്കിലും അറിയേണ്ട കാര്യങ്ങൾ ചോദിച്ചാൽ ആരും മറുപടി നൽകില്ല. യൂനിഫോമിട്ട ആളുകളോട് കാര്യം ചോദിച്ചാൽ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും നോക്കില്ല. പിന്നീട് പോലും ഒരു മറുപടി പറയില്ല. എല്ലായിടത്തും കൈക്കൂലിയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഞാൻ എമർജൻസി ആൻജിയോഗ്രാം ചെയ്യാൻ ഇവിടെ വന്നത്. കിട്ടുന്നതിൽ വെച്ച് ഏറ്റവും വേഗതയുള്ള ആംബുലൻസ് വിളിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്ന് മനസ്സിലാകുന്നില്ല. എന്നെ പരിശോധിക്കാൻ വരുന്ന ഡോക്ടറോട് പലതവണ ചോദിച്ചു, ചികിത്സ എപ്പോൾ നടക്കുമെന്ന് അവർക്ക് ഒരറിവും ഇല്ല. ഇവർ കൈക്കൂലി വാങ്ങിയാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് അറിയില്ല. ഒരു സാധാരണ കുടുംബത്തിൽപെട്ട രണ്ടുപേർ തിരുവനന്തപുരത്ത് വന്ന് നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകുമെന്ന് അറിയാമല്ലോ. സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്രയമാകേണ്ട സർക്കാർ ആതുരാലയം ശാപങ്ങളുടെ പറുദീസയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരകഭൂമി തന്നെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ്. ഞാൻ അടിവില്ലിനകത്തുവീണുപോയി. ഒരുകാര്യം ഞാൻ പറയാം.
, എന്റെ ജീവൻവെച്ച് നിസ്സാരമായിട്ട് കാര്യങ്ങൾ നടത്തിയ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ വോയ്സ് റെക്കോർഡ് നീ പുറംലോകത്തെ അറിയിക്കണം.’
കുടുംബം നൽകുന്നത് ഇതിനേക്കാളേറെ മോശമായ അനുഭവങ്ങളാണ് ആശുപത്രിയിൽ ഹൃദ്രോഗത്തിന് അടിയന്തര ചികിത്സ തേടി വന്ന വേണുവിൻ്റെ
ഭാര്യയും സഹോദരങ്ങളും തങ്ങൾ നേരിട്ട ദുരിതം വിവരിക്കുന്നത് ഇങ്ങനെ ..
മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സ നൽകിയില്ല എന്ന് മാത്രമല്ല വേദനക്കുള്ള മരുന്നുകൾ പോലും ലഭിച്ചില്ല. വേദന അസഹനീയമായപ്പോൾ അടിയന്തര ചികിത്സ നൽകണമെന്ന് കേണപേക്ഷിച്ചതായി വേണുവിന്റെ ഭാര്യ സിന്ധു പറയുന്നു. ഒരു ചികിത്സയും നൽകിയില്ല എന്ന് മാത്രമല്ല രോഗിക്കെതിരെയും തനിക്കെതിരെയും ഡോക്ടർമാർ തട്ടിക്കയറിയെന്നും മോശം പെരുമാറ്റം ഉണ്ടായെന്നും അവർ
പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയതെന്ന് സഹോദരങ്ങളും ആരോപിച്ചു. മെഡിക്കൽ കോളജ് അധികൃതരാണ് വേണുവിന്റെ മരണത്തിനു ഉത്തരവാദികൾ എന്ന് കാണിച്ച് ഭാര്യ സിന്ധു, സഹോദരൻ ഓമനക്കുട്ടൻ എന്നിവർ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഇ-മെയിൽ മുഖേന പരാതി നൽകി.
പന്മന ആശ്രമത്തിനു സമീപം മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വേണു. പന്മന ഇടപ്പള്ളിക്കോട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഡിഗ്രി കഴിഞ്ഞ് കോച്ചിങ് സെന്ററിൽ പഠനം നടത്തുന്ന പൂജ, മെഡിക്കൽ എൻട്രൻസിന് തയാറെടുക്കുന്ന ഗംഗ എന്നിവരാണ് മക്കൾ. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഇടപ്പള്ളി കോട്ടയിൽ ദേശീയപാത ഉപരോധിച്ചു.

