റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവിനെ കാർ തട്ടി. പിന്നാലെ ഡ്രൈവർക്ക് ക്രൂര മർദനം
ഹരിപ്പാട്: റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവിനെ കാർ തട്ടി. പിന്നാലെ ഡ്രൈവർക്ക് ക്രൂര മർദന. ആറാട്ടുപുഴ നല്ലാണിക്കല്‍ കുളങ്ങരശേരില്‍ അനില്‍കുമാറിന്റെ മകൻ അനുവിനെയാണ്(29) ഒരു കൂട്ടം യുവാക്കള്‍ ക്രൂരമായി തല്ലി ചതച്ചത്.ആറാട്ടുപുഴ ലക്ഷംവീട്ടില്‍ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ ബസ്സ്റ്റാൻഡിനു വടക്ക് എ സി പള്ളി ജംഗ്ഷന് സമീപത്തായിരുന്നു ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴയില്‍ നിന്നും ഭക്ഷണം വാങ്ങി മടങ്ങി വരുമ്ബോഴായിരുന്നു അപകടം. കാറിന്റെ മിറർ റോഡ് അരികില്‍ നിന്ന അമീറിന്റെ ശരീരത്തില്‍ തട്ടുകയും അമീർ നിലത്ത് വീഴുകയും ചെയ്തു. കാർ റോഡ് അരികിലേക്ക് മാറ്റി നിർത്തി പരിക്കേറ്റ ആളിനെ ആശുപത്രിയില്‍ എത്തിക്കാനായി തയ്യാറെടുക്കുമ്ബോള്‍ സമീപത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കമ്ബി വടിക്ക് തലക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരത്തടികള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ആക്രമിച്ചു. മുഖം പൊട്ടി ചോര ഒഴുകി. ഒരു മണിക്കൂറോളം അക്രമം തുടർന്നു. അക്രമം തടയാനെത്തിയവർക്കും മർദനമേറ്റു.
ആഴ്ചകള്‍ക്ക് മുമ്ബ് വാങ്ങിയ കാറും അക്രമികള്‍ അടിച്ച് തകർത്തു. സംഭവമറിഞ്ഞ് അനുവിന്റെ പിതാവ് അനില്‍കുമാറും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തി കേണപേക്ഷിച്ചിട്ടും അക്രമം തുടർന്നു. ചോരയൊലിച്ച് അവശനായി കിടന്ന അനുവിനെ ആശുപത്രിയില്‍ എത്തിക്കാനും അനുവദിച്ചില്ല. ഇതിനിടെ കൂടുതല്‍ നാട്ടുകാർ രംഗത്ത് വന്നതോടെ അക്രമി സംഘം രക്ഷപ്പെട്ടു. പൊലീസിന്റെ സഹായത്തോടെ സുഹൃത്തുക്കള്‍ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. കമ്ബി കൊണ്ടുള്ള അടിയില്‍ കണ്ണിന്റെ മുകളില്‍ മുറിവുണ്ടായി. നാലു തുന്നല്‍ ഉണ്ട്. രണ്ട് കണ്ണിന്റെ അകത്തും മുറിവ് സംഭവിച്ചു. വലതു കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു
മരുന്നുകൊണ്ട് ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. പല്ലിന് പൊട്ടലുണ്ട്. ശരീരമാസകലം മർദനമേറ്റ പാടുകള്‍ ഉണ്ട്. കാർ ഓടിച്ച് തെങ്ങില്‍ കൊണ്ടിടിക്കാനും അക്രമികള്‍ ശ്രമം നടത്തിയിട്ടുണ്ട്. കാറിനു രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ തട്ടി വീണ അമീറിന്റെ കാല് ഒടിഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് എത്തി തെളിവുപ്പ് നടത്തി. കണ്ടാല്‍ അറിയാവുന്ന 11 പേർക്കെതിരെ കേസെടുത്തു.

