വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ മുസ്‌ലിം ലീഗ്, സമസ്ത നേതാക്കൾ.
മലപ്പുറം:വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരയും സിപിഎമ്മിനെതിരെയും മുസ്‌ലിം ലീഗ്. നാല് വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണമാണ് നടത്തുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മാറി മാറി കാർഡ് കളിച്ചിട്ട് ഇടത് പക്ഷത്തിന് പ്രയോജനമുണ്ടായില്ലെന്നു മലയാളിയുടെ മണ്ണിൽ വർഗീയത ചെലവാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് സർക്കാരും സർക്കാരിനെ പിന്തുണക്കുന്നവരും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ ജനങ്ങൾ സ്വീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ ന്യൂനപക്ഷ കാർഡ് എടുത്തു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് എടുത്തു എന്നിട്ടും മികച്ച വിജയമാണ് യുഡിഎഫ് നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മന്ത്രിയുടെ പ്രതികരണം നാടിന്റെ സൗഹൃദ അന്തരീക്ഷം തകർക്കുന്നത്. മതവും സമുദായവും നോക്കിയാണ് വോട്ടിങ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്നും സമസ്ത നേതാവ് സത്താർ പന്തലൂർ പറഞ്ഞു.
മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാട് ആണോ എന്ന് സെക്രട്ടറി വ്യക്തമാക്കണമെന്നും ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും മതേതര കേരളം ഇത് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

