കേരള മന്ത്രി സഭ ചരിത്രത്തിൽ ഒരാളും പറയാത്ത വർഗീയതയാണ് സജി ചെറിയാൻ്റെത് – വി.ഡി സതീഷൻ

തിരുവനന്തപുരം:കേരള മന്ത്രിസഭയുടെ ചരിത്രത്തിലിതുവരെയും ഒരാളും പറയാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്തത്രയും വര്‍ഗീയമായ പ്രസ്താവനയാണ് സജി ചെറിയാന്റേത്. ജയിച്ചുവരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. കേരളത്തെ അപകടകരമായ നിലയിലേക്കെത്തിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയത്. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങളൊക്കെയും കുഴിച്ചുമൂടപ്പെടും. വര്‍ഗീയത ആളിക്കത്തിക്കാന്‍ തീപ്പൊരി കാത്തിരിക്കുന്നവര്‍ക്ക് തീപ്പന്തം കൊടുക്കുകയാണ് സിപിഎം ചെയ്യുന്നത്. കുറേനാള്‍ കഴിയുമ്പോള്‍ പിണറായി വിജയനും വി.ഡി സതീശനുമൊക്കെ രാഷ്ട്രീയത്തില്‍ ഓര്‍മ മാത്രമാകും. പക്ഷേ, കേരളം അപ്പോഴുമുണ്ടാകും. ആ കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന പരിപാടിയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന തലമുറയോട് കടുത്ത അനീതി കാണിക്കരുതെന്ന് അഭ്യര്‍ഥിക്കേണ്ടി വരികയാണ്. സംഘ്പരിവാറിന്റെ അതേ വഴിയിലാണ് സിപിഎം.’ സതീശന്‍ പറഞ്ഞു.
വര്‍ഗീയതക്കെതിരായി നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഏത് ആക്രമണങ്ങളെയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. വര്‍ഗീയതയുമായി ഏറ്റുമുട്ടി നിലത്ത് വീണാലും വീരോചിതമായ അവസാനമായേ കണക്കാക്കൂ. താന്‍ ഒന്നിനെയും ഭയക്കുന്നില്ല. കേരളത്തെ ഭിന്നിപ്പിച്ച് തോല്‍പ്പിക്കാന്‍ ആരുവന്നാലും ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. പെരുന്നയില്‍ ഒന്നല്ല, പല പ്രാവശ്യം പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെയും ഇപ്പൊഴും എപ്പോഴും കാണാന്‍ പോകാറുണ്ട്. അതിലെന്താണ് പ്രശ്‌നം? രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികമല്ലേ. പലപ്പോഴായി താന്‍ അവരോട് സംസാരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നതിനായി എല്ലാവരെയും കാണാന്‍ പോകാറില്ലേ. താന്‍ കേരളത്തിലെ ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ല. 42 വര്‍ഷം സിപിഎമ്മിന്റെ കൂടെ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിരുന്നപ്പോള്‍ ആഭ്യന്തരം അവരല്ലല്ലോ ഭരിച്ചിരുന്നത്. അക്കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം.’ സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *