കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യം.
ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യം അദ്ദേഹത്തിൻ്റെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മരണം നടന്ന മുറിയിൽനിന്നല്ല ഡയറി കിട്ടിയത്. അതിനാൽ ഡയറിയിലെ കുറിപ്പുകൾ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരിൽനിന്ന് ഉടൻ മൊഴിയെടുക്കും.
അതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചകഴിഞ്ഞ് മൂന്നിനു തനിക്കൊപ്പമാണു റോയ് ആസ്ഥാനത്തേക്കു വന്നതെന്നാണു ടി.എ. ജോസഫ് മൊഴി നൽകിയത്. എന്നാൽ, 2 മണിയോടെ എത്തിയെന്നാണു സുരക്ഷാ ജീവനക്കാരൻ പറയുന്നത്. റോയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചോ എന്നതിലും എപ്പോഴാണു കാബിനിലേക്കു പോയതെന്നതിലും വ്യക്തതയില്ല.
കടുത്ത നടപടിയിലേക്കു നീങ്ങുകയാണെന്നു വ്യക്തമാക്കുന്ന കുറിപ്പുകളോടെ സി.ജെ. റോയിയുടെ ഡയറി പൊലീസ് കണ്ടെടുത്തിരുന്നു. നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്നു കുടുംബത്തോട് ആവശ്യപ്പെടുന്ന 9 പേജുള്ള കുറിപ്പിൽ ഇടപാടുകളുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന നിർദേശങ്ങളുമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്നവർ പൊറുക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കമ്പനി ആസ്ഥാനത്തെ മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ റോയിയുടെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിലാണു ഡയറി കണ്ടെത്തിയത്.

