കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച അങ്കണവാടി ആയക്ക് കുത്തേറ്റ് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിൽ നീമുച്ച്ൽ കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച അങ്കണവാടി ആയക്ക് കുത്തേറ്റ് മരിച്ച . കാഞ്ചന്‍ ഭായ് (40) ആണ് മരിച്ചത്. 20 കുഞ്ഞുങ്ങളെ തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷിച്ചാണ് ഇവരുടെ മരണം.
മദവാഡയിലെ അങ്കണവാടിയിലെ ആയയാണ് കാഞ്ചന്‍ ഭായ്. കഴിഞ്ഞ ദിവസം അങ്കണവാടിക്ക് പുറത്ത് കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ തേനീച്ചക്കൂട്ടം ആക്രമിക്കാനെത്തുകയായിരുന്നു.
കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു കാഞ്ചന്‍ ഭായ്. കുഞ്ഞുങ്ങള്‍ അപകടത്തില്‍പെടുമെന്ന് കണ്ടതും ഇവര്‍ ഒരുനിമിഷം പോലും ആലോചിക്കാതെ ഓടിച്ചെന്നു. അടുത്തുണ്ടായിരുന്ന ടാര്‍പോളിന്‍ ഷീറ്റും തുണികളും എടുത്ത് കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചു. ഇതോടെ തേനീച്ചകള്‍ കാഞ്ചന്‍ ഭായ്ക്ക് നേരെ തിരിഞ്ഞു.
കുഞ്ഞുങ്ങള്‍ക്ക് കുത്തേല്‍ക്കാതെ ഇവര്‍ ഓരോരുത്തരെയായി പൊതിഞ്ഞുപിടിച്ച് അങ്കണവാടിക്കുള്ളിലെത്തിച്ച് സുരക്ഷിതരാക്കി. അപ്പോഴേക്കും കാഞ്ചന്‍ ഭായിയുടെ ദേഹം നിറയെ തേനീച്ചകള്‍ കുത്തിയിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്ന് കാഞ്ചനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

