അധികാരികളുടെ അശ്രദ്ധയുടെ ദുരന്തമായി വലിയങ്ങാടി ; വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി.

കോഴിക്കോട്: അധികാരികളുടെ അശ്രദ്ധയുടെ വില നൽകിയത് നാല് ജീവനുകൾ. പഴക്കം ചെന്ന വലിയങ്ങാടിയിലെ   കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്‌. കിണാശേരി, അത്തോളി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ. ഒരാൾ ബീച്ചാശുപത്രിയിൽ ചികിത്സയിലുണ്ട്.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നുവീണ് തിങ്കളാഴ്ച പകൽ 11.55 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺഷൈഡ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പഴയ പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം. ഈ നിർദേശം ചില വ്യാപാരികൾ അവഗണിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *