ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം

നയഡെൽഹി:നാല് പതിറ്റാണ്ട് പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയ. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കുന്ന പരിഷ്കരിച്ച സംവിധാനം നിലവിൽ വരുന്നതോടെ, ഇപ്പോഴത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സുഗമവും വേഗതയേറിയതുമായ സേവനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദൂരയാത്ര ചെയ്യുന്ന ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകൾ സ്റ്റേഷനിൽ വന്ന് ബുക്ക് ചെയ്യാനായി നിലവിലുള്ള സോഫ്റ്റ്‌വെയർ വ‌‍‌‌ർഷങ്ങൾ പഴക്കമുള്ളതാണ്. ഇത് പൂർണമായി മാറ്റി പുതിയ സംവിധാനം കൊണ്ടുവരുന്നതോടെ ബുക്കിംഗ് കൗണ്ടറുകളിൽ ടിക്കറ്റ് നൽകുന്ന ജീവനക്കാർക്ക് വേഗത്തിൽ ടിക്കറ്റ് നൽകാൻ കഴിയും. ഇതിലൂടെ നീണ്ട നിരകളും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും കുറയുമെന്ന് അധികൃതർ അറിയിച്ചു.

റിസർവ് ടിക്കറ്റിംഗിൽ നടക്കുന്ന തട്ടിപ്പുകളും ഇടനിലക്കാരുടെ ഇടപെടലും തടയുന്നതും പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമാണ്. പ്രത്യേകിച്ച് ഉത്സവകാലങ്ങളിൽ ‘തത്‌കാൽ’ ടിക്കറ്റുകൾ ഇടനിലക്കാർ കൈക്കലാക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് റെയിൽവേയുടെ പദ്ധതി. പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നടപ്പാക്കുന്നതിനായി ഏകദേശം 1,000 കോടി രൂപ ചെലവാകും. ദിവസേന ഏകദേശം 2.5 കോടി പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഈ മാറ്റമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

പുതിയ സംവിധാനത്തിലൂടെ ഓൺലൈനായും കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാകും. നിലവിലുള്ള പല സാങ്കേതിക പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടുമെന്നും, ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കുമെന്നും റെയിൽവെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *