36 മണിക്കൂർ നടുക്കടലിൽ ജീവന് വേണ്ടി മല്ലിടിച്ചു , അവസാനം രക്ഷരകരായി കോസ്റ്റ് ഗാർഡ്
കൊച്ചി: നടുക്കടലിൽ മീൻപിടിത്ത ബോട്ടിൽനിന്ന് വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ 36 മണിക്കൂറുകൾക്ക് ശേഷം കോസ്റ്റ് ഗാർഡ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിൽനിന്നുള്ള ‘സിയോൺ’ എന്ന ബോട്ടിലെ തൊഴിലാളിയായ രഞ്ജുമണി സോനോവാളിനെയാണ് (40) ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ അർണവേശ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മാർച്ച് 30-ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം അബദ്ധത്തിൽ കടലിൽ വീണത്. രഞ്ജുമണിയെ കാണാതായ വിവരം ലഭിച്ചയുടനെ കൊച്ചിയിലെയും മുംബൈയിലെയും മാരിടൈം റെസ്‌ക്യൂ സെന്ററുകൾ ഏകോപിപ്പിച്ച് വിപുലമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന അർണവേശ് കപ്പലിനൊപ്പം കോസ്റ്റ് ഗാർഡ് വിമാനവും തിരച്ചിലിനായി രംഗത്തിറങ്ങി. കൊച്ചി തീരത്തുനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ വെച്ച് ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് ഇദ്ദേഹത്തെ കണ്ടെത്താനായത്.
ഒന്നരദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ തിരമാലകൾക്കിടയിൽ അതിജീവനത്തിനായി പോരാടിയ രഞ്ജുമണി കണ്ടെത്തുമ്പോൾ തീർത്തും അവശനായിരുന്നു. ശരീരത്തിൽ ജലാംശം വറ്റി നിർജലീകരണം സംഭവിച്ച നിലയിലായിരുന്ന ഇദ്ദേഹത്തിന് കപ്പലിൽ വെച്ച് തന്നെ ഉദ്യോഗസ്ഥർ അടിയന്തര പ്രഥമശുശ്രൂഷ നൽകി.

