നിതിൻ രാജിൻ്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കൂട്ടരാജി. വിദ്യാർഥി പ്രതിഷേധം കനക്കുന്നു
കണ്ണൂർ: ജാതി അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കൂട്ടരാജി.കോളേജിലെ ഓർത്തോ വിഭാഗത്തിലെ അദ്ധ്യാപകർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും രാജിക്കത്ത് നൽകി. വകുപ്പിലെ ഏഴ് പേരാണ് നിലവിൽ രാജിക്കത്ത് നൽകിയത്. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അദ്ധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ജീവനക്കാരുടെ കൂട്ടരാജി.
രാജിക്കത്തുകൾ മാനേജ്മെന്റ് അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകര്‍ക്കും വകുപ്പിലെ ചില ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളേജില്‍ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ ആരോപണങ്ങൾക്കിടെയാണ് രാജിവച്ചിരിക്കുന്നത്. കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പ്രതിഷേധം നടന്നിരുന്നു. കൂടാതെ സോഷ്യൽമീഡിയയിലൂടെയും അദ്ധ്യാപകർക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് തുടരുകയാണ്.
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ നോയിഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ (28), പ്രകാശ് ജയ് (54) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് അറസ്റ്റ്.
നിതിൻ രാജ് ഓൺലൈൻ ആപ്പ് വഴി വായ്പയെടുത്തപ്പോൾ റഫറൻസ് നമ്പറായി അദ്ധ്യാപികയുടെ നമ്പറാണ് നൽകിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പുകാർ അദ്ധ്യാപികയെ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങി. നിരന്തരം വിളിക്കുകയും അധിക്ഷേപിക്കുയും ചെയ്തിരുന്നതായി അദ്ധ്യാപിക മൊഴിനൽകിയിട്ടുണ്ട്.

