യു. ഡി. എഫ് മന്ത്രി സഭയിൽ മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് മന്ത്രി മാരടക്കം 5 പേരുടെ പട്ടിക മുസ്‌ലിം ലീഗ് നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി.

മലപ്പുറം:യു. ഡി. എഫ് മന്ത്രി സഭയിൽ മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് മന്ത്രി മാരടക്കം 5 പേരുടെ
പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് മുസ്‌ലിം ലീഗ് കൈമാറി..പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. നാലുമണിയോടെ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും വകുപ്പുകൾ പിന്നീട് അറിയാമെന്നും പിഎംഎ സലാം പറഞ്ഞു. അതേസമയം, ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് സലാം മറുപടി നൽകിയില്ല.
നേരത്തെ, മലപ്പുറം ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരെ മാത്രമേ നിശ്ചയിക്കുകയുള്ളൂവെന്നായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരിൽ നിന്ന് ഒരാൾ മാത്രമേ മന്ത്രിസഭയിലെത്തുകയുള്ളൂവെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ഇരുവരെയും പരിഗണിച്ചതായാണ് വിവരം. ഇരുവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിമാരുടെ പട്ടികയാണ് സാദിഖലി തങ്ങൾ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് നൽകിയത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാരുണ്ടാകും.
അതേസമയം, കാസർകോട് നിയുക്ത എംഎൽഎ എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ലീഗ് നേതൃത്വത്തിന് കത്ത് നൽകിയതായാണ് വിവരം. മന്ത്രിസഭയുടെ അന്തിമചിത്രം ഇന്ന് വൈകുന്നേരത്തോടെ പൂർണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *