ബംഗാളിൽ തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെയും അക്രമണം .
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് പിന്നാലെ മറ്റൊരു തൃണമൂൽ എം.പിയായ കല്യാൺ ബാനർജിക്ക് നേരെയുംആക്രമണമുണ്ടായി. ചണ്ഡിതാല പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണമുണ്ടായത്.
ഇതിനെത്തുടർന്ന് ഹൂഗ്ലി ജില്ലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഒരു നിവേദനം സമർപ്പിക്കാൻ പോകുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു കൂട്ടം പ്രതിഷേധക്കാർ ബാനർജിയെ വളയുകയും അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ഗോ ബാക്ക് വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടയിൽ എം.പിക്ക് നേരെ ശാരീരികമായ കയ്യേറ്റം ഉണ്ടായതോടെ സാഹചര്യം പെട്ടെന്ന് തന്നെ നിയന്ത്രണാതീതമായി മാറി. സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും ചേർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ വലിയ അടിയും ബഹളവും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിലൊരു വീഡിയോയിൽ ബാനർജി നിലത്തു വീണുകിടക്കുന്നതും പോലീസും സുരക്ഷാ ജീവനക്കാരും അദ്ദേഹത്തിന് ചുറ്റും കൂടുന്നതും കാണാം
ടി.എം.സി ഈ സംഭവത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്ന് ആരോപിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും എം.പിയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തത്.

