AI girlfriend

മകളെ ബസ് കയറ്റിവിട്ട് സ്കൂട്ടറി നടുത്തേക്ക് നടന്നുപോയ സ്ത്രീ ബസ് ഇടിച്ച്‌ മരിച്ചു.

തൃശൂർ :തൃശൂരില്‍ മകളെ ബസ് കയറ്റിവിട്ട് സ്കൂട്ടറിനടുത്തേക്ക് നടന്നുപോയ സ്ത്രീ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ മരിച്ച. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.പുതുക്കാട് സെന്ററില്‍ രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത്. രാജഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകള്‍ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകള്‍ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്. സാധാരണ ദിവസങ്ങളില്‍ ദേശീയപാതയ്ക്ക് സമീപമുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്.ചാലക്കുടിക്ക് പോയിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കാട് സ്റ്റോപ്പില്‍ നിന്ന് ബസ് മുന്നിലേക്കെടുക്കുന്നതിനിടെ ഡ്രൈവർ ബാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് വഴിയോരത്തുകൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിക്കുകയും, ഓട്ടോ സ്റ്റാൻ്റിന് ഇടയിലൂടെ പാഞ്ഞുപോയി ദേശീയപാതയോരത്തുള്ള ചായക്കടയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു. റോഡില്‍ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങള്‍ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുൻപില്‍ നിന്നിരുന്നയാള്‍ക്ക് ഓടിമാറുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. സ്റ്റാൻ്റില്‍ നിന്നെടുത്ത ബസ് ആയതിനാല്‍ ആ സമയത്ത് ഒരു യാത്രക്കാരി മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവർ ബാബുവിനെയും നാട്ടുകാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ബോധരഹിതനായ ഡ്രൈവർ ബാബു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുതുക്കാട് പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *