AI girlfriend

ഗാർഹിക പീഡന കേസ് ഏറ്റെടുത്തു; കൊച്ചിയിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തി പ്പരുക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

കൊച്ചി:  ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) സംഘം ആക്രമിച്ചത്.

ഇന്നലെ വൈകീട്ട് 5.30 ഓടെ അഭിഭാഷക ദമ്പതികളായ ടി.എം. ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെയായിരുന്നു ആക്രമണം. ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമണം നടന്നതെന്ന് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ ആസൂത്രിതമായി എത്തിയതായാണ് എഫ്ഐആറിലെ പരാമർശം. സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് മോഹൻദാസിനെ ഭീഷണിപ്പെടുത്തി.

തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് പ്രതികൾ തട്ടിക്കയറുകയും അദ്ദേഹത്തെ ബലമായി പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു.തുടർന്ന് ഒന്നാം പ്രതിയായ വേലു മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. പിന്നാലെ രണ്ടാം പ്രതി വാവക്കുട്ടി കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റിൽ ആഴത്തിൽ കുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *