വി.എസി നെതിരെ സോഷ്യൽ മീഡിയയയിൽ അധിക്ഷേപം; നടൻ വിനായകനും പാലക്കാട് അധ്യാപകനെതിരെയും പരാതി.

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി. യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ല പ്രസിഡന്‍റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്.രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, മുൻ എം.പി ജോർജ് ഈഡൻ അടക്കമുള്ളവരെ കുറിച്ചും അധിക്ഷേപ പരാമർശമുണ്ട്.

ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നത് നഗരത്തിലെ ക്രമസമാധാനം തകർക്കുന്നതിന് സാധ്യതയുണ്ടെന്ന് പരാതിയിൽ പറയുന്നു.
സമൂഹത്തിൽ അരാജകത്വം പരത്തുന്ന തരത്തിലുള്ള എഫ്.ബി പോസ്റ്റുകളും ആഹ്വാനങ്ങളും നടത്തുന്നതിൽ നിന്ന് വിനായകനെ വിലക്കുന്ന തരത്തിൽ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ ഭൗതികശരീരം സംസ്കരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റുമായി വിനായകൻ രംഗത്തെത്തിയത്. എന്‍റെ അച്ഛനും ചത്തുവെന്നും വി.എസും ചത്തുവെന്നും വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൂടാതെ, ഗാന്ധിയും നെഹ്റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകൻ, ഹൈബിയുടെ തന്ത ജോർജ് ഈഡൻ ചത്തുവെന്നും നിന്‍റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിനായകൻ ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഞങ്ങടെ വി.എസ് മരിക്കുന്നില്ല’ എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. വി.എസിന് ആദരാഞ്ജലി അർപ്പിച്ച് എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. വിനായകൻ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായത്.

ഇതിനിടെ അധിക്ഷേപ പരാമർശം നടത്തിയ അധ്യാപകനെതിരെയും പരാതി. പാലക്കാട് ചാത്തന്നൂർ ഹൈസ്‌കൂളിലെ അധ്യാപകനായ കെ.സി.വിപിനാണ് അധിക്ഷേപിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അധ്യാപകൻ ഹീനമായ അധിക്ഷേപം നടത്തിയത്. പാലക്കാട് ചാലിശ്ശേരി പോലീസിനാണ് ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയത്.വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെയും പൊലീസ് കേസെടുത്തു. അഭിഭാഷകനായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *