കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ മുഖത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

കാസർകോട്: (10visionnews.com) കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ മുഖത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തി ഹെഡ്മാസ്റ്റർ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ബേഡകം പൊലീസ് കേസെടുത്തു. ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഇന്ന് കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ തെളിവെടുക്കും.

 

സംഭവത്തില്‍ ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്ററിന്റെയും വിദ്യാർത്ഥിയുടെയും മൊഴിയെടുത്തിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ച് കർണ്ണപടം പൊട്ടിച്ചത്. മാധ്യമങ്ങളില്‍ വാർത്തകൾ വന്നതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയെ അസംബ്ലിയിൽ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസികാഘാതമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റർ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡൻ്റ് പറഞ്ഞു. ഒത്തുതീര്‍പ്പിന് വേണ്ടി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തെറ്റാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹെഡ്മാസ്‌റ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *