പാലക്കാട് വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊന്നു.
പാലക്കാട്: ( www.10visionnews.com ) യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് ഒരാൾ സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മറ്റൊരു സംഭവത്തിൽ വിഴിഞ്ഞത്തിന് സമീപം ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. വിഴിഞ്ഞം സ്വദേശി ജഗൻ എന്ന് വിളിക്കുന്ന അഹിരാജ് (28) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിലെ ഹെഡ് ലൈറ്റ് കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു . രണ്ടാം പ്രതിയായ കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ മൂവ്‌മെന്‍റ് വിജയനെന്ന വിജയനെ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.
വിഴിഞ്ഞം കരയടിവിള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ ദിലീപിനാണ് കുത്തേറ്റത്. അതുവഴി വന്ന ഓട്ടോ ഡ്രൈവർ ദിലീപിനെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചം കണ്ണിലടിച്ചെന്ന് പറഞ്ഞാണ് അക്രമികൾ കുത്തിയത്. പ്രതികൾ സ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ദിലീപ് കണ്ടിരുന്നു. ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും ഇവിടിരുന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. വിജയനെ പിറ്റേന്ന് പിടികൂടിയ പൊലീസ് അഹി രാജിനായി അന്വേഷണം നടത്തുകയായിരുന്നു. കുത്തേറ്റ ദിലീപ് ചികിത്സയിലാണ്.

