17 കാരൻ പെൺകുട്ടിയുടെ പണവും ആഭരണവും തട്ടിയത് മയക്കു മരുന്ന് വാങ്ങാൻ, സ്വകാര്യ ചിത്രങ്ങൾ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി .
കോഴിക്കോട്: നരിക്കുനിയില്‍ പ്ലസ്ടു വിദ്യാര്‍ഥി ലഹരിമരുന്ന് വാങ്ങാന്‍ കണ്ടെത്തിയ വഴി നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു. ലഹരിക്കു വേണ്ടി കൂട്ടുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 17 വയസ്സുകാരനായ പ്രതി ഇത് ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വീട്ടില്‍നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലഹരി മാഫിയയുമായി ബന്ധമുള്ള വിദ്യാര്‍ഥിയാണ് പ്രതി. സംഭവത്തില്‍ കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയും 17കാരനും ചെറിയ ക്ലാസുകളില്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.
പണവും സ്വര്‍ണവും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതേതുടര്‍ന്ന് പഠനത്തില്‍ താല്പര്യമില്ലായ്മ, ശാരീരിക ബുദ്ധിമുട്ടുകള്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
കാണാതായ സ്വര്‍ണ്ണാഭരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് വീണുപോയതാണെന്നാണ് ആദ്യം പെണ്‍കുട്ടി പറഞ്ഞിരുന്നത്.

പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് നരിക്കുനിയിലെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ് ആ പണം സുഹൃത്തിന് നല്‍കിയ കാര്യം വെളിപ്പെടുത്തിയത്.

