ധർമ്മസ്ഥല വെളിപ്പെടുത്തൽ;മനാഫ് തിങ്കളാഴ്ച പ്ര​ത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.

കോഴിക്കോട്: ധർമ്മസ്ഥല വെളിപ്പെടുത്ത കേസിൽ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച പ്ര​ത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ തുടർന്ന് ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്. അതേസമയം, ജീവനു ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും മനാഫ് അറിയിച്ചു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നു. കേരള പൊലീസിന്റെ സംരക്ഷണയിലാകും എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരാവുന്നതെന്നും മനാഫ് പറഞ്ഞു.
മതസ്പർധ ആരോപിച്ച് ഉഡുപ്പി പൊലീസ് തനിക്കെതിരെ കേസ് എടുത്തതായും ​അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായും വ്യക്തമാക്കി. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും. കൈവശമുള്ള തെളിവുകൾ എസ്.ഐ.ടിക്ക് സമർപ്പിക്കുമെന്നും മനാഫ് പറഞ്ഞു.
ധർമസ്ഥലയിൽ ഒരുപാട് സ്ത്രീകൾ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും, അവർക്ക് നീതി നേടികൊടുക്കുന്നതിനു വേണ്ടിയാണ് വിഷയത്തിൽ ഇടപെട്ടതെന്നും യൂ ട്യൂബ് വീഡിയോയിലൂടെ മനാഫ് പറഞ്ഞു. ധർമസ്ഥല കേസ് സത്യസന്ധമാണ്. പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസത തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായത്- മനാഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *