മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു.

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ച(86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ ആക്ടിംഗ് പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.1968-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡിസിസി പ്രസിഡൻറായും 1980-1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു
2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എം.എം. മോനായിയോട് പരാജയപ്പെട്ടു. 1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996-ലെ എ.കെ ആന്‍റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും 1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *