തണുത്ത് വിറച്ച് മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ
മൂന്നാം :തണുത്ത് വിറച്ച് മൂന്നാര്. മൂന്നാറിന്റെ സമീപ മേഖലകളില് താപനില മൈനസില് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ സെവന്മലയില് രേഖപ്പെടുത്തിയത്.ഇവിടെ പുലര്ച്ചെ താപനില മൈനസ് ഒന്നായിരുന്നു. ഇതിനോട് അടുത്ത് തന്നെ നല്ലതണ്ണി, നടയാര്, കന്നിമല, തെന്മല എന്നിവിടങ്ങളില് പൂജ്യം ഡിഗ്രി സെല്ഷ്യസും എത്തി.
മൂന്നാറിലെ പല സ്ഥലങ്ങളില് മഞ്ഞുവീഴ്ചയും കൂടുതലായിട്ടുണ്ട്. മൂന്നാര് ടൗണിന് സമീപം നിര്ത്തിയിട്ടിരുന്ന വാഹനങ്ങള്ക്ക് മുകളില് മഞ്ഞുപാളികള് രൂപപ്പെട്ടതും സഞ്ചാരികളില് കൗതുകമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില് വൈറലാണ്.
മേഖലയിലെ ഭൂരിഭാഗം പുല്മേടുകളും പുലര്ച്ചെ മഞ്ഞില് കുളിച്ചാണ് കിടക്കുന്നത്. വരും ദിനങ്ങളില് താപനില താഴ്ന്നുതന്നെ നില്ക്കാനാണ് സാധ്യത. അതിശൈത്യം ആരംഭിച്ചതോടെ മൂന്നാറിലെ വിദേശ വൃക്ഷങ്ങളും പൂവിട്ടത് മഞ്ഞുകാല കാഴ്ചകള് കൂടുതല് സുന്ദരമാക്കിയിട്ടുണ്ട്.
മഞ്ഞുകാലമെത്തിയതോടെ വിനോദ സഞ്ചാര മേഖല ഉണര്ന്നുകഴിഞ്ഞു. ക്രിസ്മസ് പുതുവത്സര അവധി ആരംഭിച്ചതോടെ തെക്കിന്റെ കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാന് നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് മൂന്ന് ഡിഗ്രി ഇത്തവണ മറികടക്കാന് സാധ്യതയുണ്ട്.അതേസമയം, അതിശൈത്യം തുടരുമ്ബോഴും പകല് ചൂട് 23 ഡിഗ്രി സെല്ഷ്യസ് തന്നെയാണ്.

