ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ചു

ബംഗളുരു :സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരൻ മരിച്ച.

കർണാടക ബിദർ തലമഡ്​ഗി ​ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾ​ഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ വീട്ടിലേക്ക്  പോവുന്നതിനിടെയായിരുന്നു അപകടം

ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലിൽ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജീവിന്റെ കഴുത്ത് ആഴത്തിൽ മുറിയുകയും ചെയ്തിരുന്നു. കഴുത്തിലെ മുറിവിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന സഞ്ജീവ് കുമാറിനെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ സഹായമഭ്യർഥിച്ചിട്ട് പോലും ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇയാൾ മരിച്ചിരുന്നു. ‘ദേശീയപാതയിൽ രാവിലെ 11നാണ് അപകടമുണ്ടായത്. സഞ്ജീവ് കുമാർ എന്ന 48കാരൻ ബൈക്കിൽ പോകവെ മഞ്ച എന്ന പേരിലറിയപ്പെടുന്ന പട്ടച്ചരട് കഴുത്തറുക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു’- ബിദർ പൊലീസ് സൂപ്രണ്ട് പ്രദീപ് ​ഗുണ്ഡി പറഞ്ഞു.


സംഭവത്തിൽ മന്നെഖല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സഞ്ജീവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മന്നെഖല്ലി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ബിദറിൽ മഞ്ചയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ‌ലംഘിക്കപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *