ഒരിക്കൽ ആമഹത്യയെ ക്കുറിച്ച് ചിന്തിച്ചു, തെറാപ്പിസ്റ്റിന്റെ സഹായത്തോ ടെയുളള ചികിത്സ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് പാർവതി .
മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ചിന്തിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടുവരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സിനിമാതാരങ്ങളടക്കം നിരവധി പേർ മാനസികാരോഗ്യത്തെ കുറിച്ച് മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാനസികാരോഗ്യത്തെ കുറിച്ചും തെറാപ്പി സെഷനുകളെ കുറിച്ചും പാർവതി തിരുവോത്ത് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ട് മുൻവിധികളില്ലാതെ തന്നെ കേൾക്കുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ അമേരിക്കയിൽ നിന്നുള്ള തെറാപ്പിസ്റ്റുകളാണ് തനിക്കുണ്ടായിരുന്നതെന്നും പാർവതി പറയുന്നു.
2021-ൽ ആത്മഹത്യാ പ്രവണതകൾ വരെ നേരിട്ടതായും കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചതായും അവർ വെളിപ്പെടുത്തി. അനുയോജ്യമായ തെറാപ്പിസ്റ്റിനെ കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും, ഇപ്പോൾ ഇ.എം.ഡി.ആർ ഉൾപ്പെടെ രണ്ട് തരം തെറാപ്പികൾ ചെയ്യുന്നുണ്ടെന്നും, ഒരു ‘ട്രോമ ഇൻഫോംഡ്’ തെറാപ്പിസ്റ്റിന്റെ സഹായത്തോടെയുള്ള ഈ ചികിത്സ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും പാർവതി വ്യക്തമാക്കി
“എനിക്ക് തെറാപ്പി ഇഷ്ടമാണ്. തെറാപ്പിയുള്ളതിന് ദൈവത്തിന് നന്ദി. പക്ഷേ, ഇപ്പോഴുള്ള തെറാപ്പിസ്റ്റിനെ ലഭിക്കുന്നത് വരെ എനിക്ക് കുറെയധികം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ മുൻവിധികളില്ലാതെ എന്നെ കാണുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുകയെന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആദ്യകാല തെറാപ്പിസ്റ്റുകൾ യുഎസിൽ നിന്നുള്ളവരായിരുന്നു. അവരുടെ സമയത്തിന് അനുസരിച്ച് പുലർച്ചെ 1 മണിക്കും 2 മണിക്കുമാണ് സെഷനുകൾ നടന്നിരുന്നത്.
എന്റെ തെറാപ്പിസ്റ്റുകൾ എനിക്ക് തന്ന രണ്ട് മൂന്ന് കാഴ്ചപ്പാടുകൾ ഞാൻ പറയാം. ഏഷ്യൻ തെറാപ്പിസ്റ്റുകൾക്ക് മാത്രമേ ഏഷ്യക്കാരെ ശരിയായി ചികിത്സിക്കാൻ കഴിയൂ
“പക്ഷേ, അവിടെയും ഒരു പ്രശ്നമുണ്ട്. ചില ‘റെഡ് ഫ്ലാഗ്സ്’ ഉള്ള നാട്ടിലെ തെറാപ്പിസ്റ്റുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. കാരണം നമ്മുടെ സംസ്കാരത്തിന്റെ നൂലാമാലകൾ അവർക്ക് കൃത്യമായി അറിയാം, അത് ഉപയോഗിച്ച് അവർക്ക് നമ്മെ കൂടുതൽ കുഴപ്പത്തിലാക്കാൻ സാധിക്കും. അത് സത്യമാണ്.” പാർവതി പറയുന്നു.
“സത്യം പറഞ്ഞാൽ ആ പ്രക്രിയയിലൂടെ കടന്നുപോകുന്നത് വലിയ വേദനയായിരുന്നു. ആ സമയത്ത് ഞാൻ വല്ലാതെ ഒറ്റപ്പെട്ടുപോയി. ഞാൻ പുതിയ തെറാപ്പിസ്റ്റുകളെ പരീക്ഷിക്കുകയാണെന്ന് സുഹൃത്തുക്കളോട് പറയുമായിരുന്നു, പക്ഷേ ഒന്നും ശരിയാകുന്നുണ്ടായിരുന്നില്ല. എന്നെ ഇനി മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു. അത്രയും ഇരുണ്ട നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ആത്മഹത്യാ പ്രവണതകൾ വളരെ കൂടുതലായിരുന്നു.
അത് 2021-ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അത് വളരെ അടുത്താണെന്ന് തോന്നാം. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഒരു മങ്ങൽ പോലെയാണ് ഓർമയിലുള്ളത്. ഫോൺ ഗാലറി നോക്കുമ്പോൾ മാത്രമാണ് ആ സമയത്ത് നടന്ന കാര്യങ്ങൾ എനിക്ക് തിരിച്ചറിയാൻ കഴിയുന്നത്.
പക്ഷേ ഇപ്പോൾ തെറാപ്പി എനിക്ക് ഗുണകരമാകാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഞാൻ രണ്ട് തരം തെറാപ്പികൾ ചെയ്യുന്നുണ്ട്. ഒന്ന് ഇ.എം.ഡി.ആർ (ഐ മൂവ്മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്) ആണ്, അത് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു ‘ട്രോമ ഇൻഫോംഡ്’ തെറാപ്പിസ്റ്റാണ് എനിക്കുള്ളത്.” പാർവതി പറയുന്നു.”

