പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യു.ഡി എഫ്
കണ്ണൂര്‍ :പയ്യന്നൂരില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളില്‍ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചത് 25 ശതമാനത്തിന് മുകളില്‍ മാത്രമാണെന്നും റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പയ്യന്നൂരില്‍ കള്ളവോട്ട ചെയ്യുന്നുണ്ടെന്ന് വോട്ടിങ് സമയത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ യുഡിഎഫ് മുഖ്യ ഇലക്ഷന്‍ ഏജന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. എരമം കുറ്റൂര്‍ പഞ്ചായത്തിലെ 142 എരമം സെന്‍ട്രലിലെ 88.8 ശതമാനം വോട്ടര്‍മാരില്‍ 44 ശതമാനം പേര്‍ വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐഡി കാര്‍ഡ് കൂടാതെയായിരുന്നു എന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

