സി.ബി. എസ്. ഇ യിൽ ചേരാൻ 6 വയസ്സിൽ ഇളവ്
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സിബിഎസ്ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു.
ആറ് വയസ്സ് തികയാൻ മൂന്ന് മാസം കൂടി ബാക്കിയുള്ള കുട്ടികൾക്കും ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നൽകാമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവേശന രീതിയിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങൾ കാരണം രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റുകളും നേരിട്ടിരുന്ന ആശങ്കകൾക്ക് ഇതോടെ താൽക്കാലിക ശമനമാകും.
കൊച്ചിയിൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള (CCSK) സംഘടിപ്പിച്ച പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റുകളുടെയും യോഗത്തിലാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
വിദ്യാഭ്യാസ അവകാശ നിയമവും ദേശീയ വിദ്യാഭ്യാസ നയവും അനുസരിച്ച് അടിസ്ഥാന പ്രായം ആറ് വയസ്സ് തന്നെയാണെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്

