ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; ഇറാനോട് പൂര്‍ണ്ണമായും അകലുന്ന നയം വേണ്ടെന്ന് ഇന്ത്യയു.

ടെ ഹ്റാൻ :ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചതിന് പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സേന വെടിവച്ചതോടെ മേഖലയില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ആശങ്ക രേഖപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെ നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇതോടെ, ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാനുള്ള മുന്‍ തീരുമാനം പിന്‍വലിച്ച ഇറാന്‍, ‘ശത്രു രാജ്യങ്ങളെ’ സഹായിക്കുന്ന ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് വ്യക്തമാക്കി.

ഒമാന്‍ തീരത്തിന് സമീപം 25 നോട്ടിക്കല്‍ മൈല്‍ ദൂരത്തുവച്ചാണ് ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെ വെടിവയ്പ്പുണ്ടായത്. സന്‍മര്‍ ഹെറാള്‍ഡ്, ജഗ് അര്‍ണവ് എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കപ്പലുകള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണ്. ആക്രമണത്തെത്തുടര്‍ന്ന് കപ്പലുകള്‍ക്ക് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.

സംഭവത്തില്‍ പ്രതിഷേധിക്കുമ്പോഴും ഇറാനോട് പൂര്‍ണ്ണമായും അകലുന്ന നയം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.വിഷയം പരിശോധിക്കാമെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യു.എ.ഇ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാന്റെ ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍ വ്യക്തത വരുന്നത് സമാധാനത്തിന് അനിവാര്യമാണെന്നും യു.എ.ഇ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്ക് 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി വന്ന സൂപ്പര്‍ ടാങ്കര്‍ ഉള്‍പ്പെടെ നിരവധി കപ്പലുകള്‍ ഇറാന്‍ തടഞ്ഞിട്ടിരിക്കുകയാണ്. അതേസമയം, വെടിവയ്പ്പിനിടയിലും ദേശ് ഗരിമ എന്ന ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നു. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ചില പുരോഗതിയുണ്ടെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ എം.ബി. ഗാലിബാഫ് സൂചിപ്പിച്ചെങ്കിലും, സുരക്ഷാ ഉറപ്പ് ലഭിക്കാതെ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍.

Leave a Reply

Your email address will not be published. Required fields are marked *