ബാലറ്റ് സ്ട്രോങ്ങ് റൂമിന് കാവൽ നിർത്തിയ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാനില്ല; പൊലീസ് അന്വേഷണം ശക്തമാക്കി
മലപ്പുറം:മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് സുരക്ഷയൊരുക്കിയ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാതായതായി പരാതി.
കൊണ്ടോട്ടി മണ്ഡലത്തിലെ ബാലറ്റുകൾ സൂക്ഷിച്ചിരുന്ന സിവിൽ സ്റ്റേഷനിലെ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിന് മുൻപിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് കാണാതായത്. അസം സ്വദേശിയും കോൺസ്റ്റബിളുമായ കെ.എസ്. ബർമൻ, മധ്യപ്രദേശ് സ്വദേശിയും ഹെഡ് കോൺസ്റ്റബിളുമായ മുകേഷ് സിങ് എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായത്.
കഴിഞ്ഞ ദിവസം രാത്രി 11.45-നും ചൊവ്വാഴ്ച പുലർച്ചെ 12.15-നും ഇടയിലാണ് ഇവർ അപ്രത്യക്ഷരായതെന്ന് ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മലപ്പുറം പൊലീസിൽ നൽകിയ പരാതിയിൽ. ബിഎസ്എഫ് നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
സ്ട്രോങ്ങ് റൂമിന്റെ സുരക്ഷയ്ക്ക് നിലവിൽ മറ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥർക്കായി മലപ്പുറം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

