മണിപ്പൂരിന്റെ കണ്ണുനീര്‍ കാണാതെ മാധ്യമങ്ങള്‍; ‘ഞങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേ?’, ആഞ്ഞടിച്ച് ലിസിപ്രിയ കംഗുജം

ഇംഫാൽ : വംശീയ സംഘര്‍ഷങ്ങളും ബോംബാക്രമണങ്ങളും കൊണ്ട് കലുഷിതമായ മണിപ്പൂരിലെ യഥാര്‍ത്ഥ അവസ്ഥ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കംഗുജം. ഏപ്രില്‍ ആദ്യവാരം ബിഷ്ണുപൂരിലെ മൊയ്രാംഗിലുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് കുരുന്നുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുടെ മൗനത്തെ ലിസിപ്രിയ രൂക്ഷമായി വിമര്‍ശിച്ചത്.

‘പ്രിയപ്പെട്ട ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളേ, മണിപ്പൂരിനെക്കുറിച്ച് നിങ്ങള്‍ എന്താണ് മിണ്ടാത്തത്? ഞങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേ?’ എന്ന ലിസിപ്രിയയുടെ ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
ഏപ്രില്‍ 7-ന് ബിഷ്ണുപൂര്‍ ജില്ലയിലെ ട്രോങ്ലോബിയിലുണ്ടായ റോക്കറ്റ്/ബോംബ് ആക്രമണമാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഒരു ബി.എസ്.എഫ് ജവാന്റെ വീട്ടിലേക്ക് പതിച്ച ഷെല്‍ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരനായ മകനും പിഞ്ചു പെണ്‍കുഞ്ഞും തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരുടെ അമ്മ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ക്രൂരമായ സംഭവത്തിന് ശേഷവും മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം വാര്‍ത്താ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എത്തുന്നില്ലെന്ന് ലിസിപ്രിയ കുറ്റപ്പെടുത്തി.

ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും വലിയ വാര്‍ത്തയാകുമ്പോള്‍, മാസങ്ങളായി കത്തുന്ന മണിപ്പൂരിലെ കൂട്ടക്കൊലകളും സ്‌ഫോടനങ്ങളും മാധ്യമങ്ങള്‍ അവഗണിക്കുന്നു.
മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ എന്ന ചോദ്യത്തിലൂടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള അവഗണനയെയാണ് ലിസിപ്രിയ തുറന്നുകാട്ടിയത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നും മണിപ്പൂരിലെ കുട്ടികളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ലിസിപ്രിയ ആവശ്യപ്പെട്ടു.

ബോംബാക്രമണത്തിന് പിന്നാലെ ഇംഫാല്‍ താഴ്വരയില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ പീസ് ആന്‍ഡ് പ്രോഗ്രസ് മണിപ്പൂരിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ കൂട്ട നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മലോം, നൗറെംതോങ് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയും ലിസിപ്രിയ നിയമപോരാട്ടം നടത്തുന്നുണ്ട്. മണിപ്പൂരിലെ ജനതയുടെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സംഘര്‍ഷം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതും, കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നിരന്തരം കൊല ചെയ്യപ്പെടുന്നതും രാജ്യത്തിന് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. മാധ്യമങ്ങള്‍ ഈ വിഷയം ലോകത്തിന് മുന്നില്‍ എത്തിക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് ലിസിപ്രിയയുടെയും മണിപ്പൂരിലെ ഓരോ ജനതയുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *