ബെംഗളൂരുവിലുണ്ടായ കനത്ത വേനൽമഴയിലും മതിലിടിഞ്ഞുവീണും രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം.
ബംഗളുരു:ബെംഗളൂരുവിലുണ്ടായ കനത്ത വേനൽമഴയിലും മതിലിടിഞ്ഞുവീണും രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം ശിവാജിനഗറിലെ ബൗറിങ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ.
കുടുംബശ്രീയുടെ വിനോദയാത്രയുടെ ഭാഗമായി ബെംഗളൂരുവിൽ എത്തിയ 56 അംഗ സംഘത്തിൽപ്പെട്ടവരാണ് ഇവർ. അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ അംഗങ്ങളായ ഇവർ പർച്ചേസിനായാണ് ശിവാജിനഗറിൽ എത്തിയത്. കനത്ത മഴ തുടങ്ങിയപ്പോൾ ടാർപോളിൻ ഷീറ്റിന് താഴെ അഭയം തേടിയതായിരുന്നു സംഘം. ഈ സമയത്താണ് റോഡിനോട് ചേർന്നുള്ള ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചതായാണ് വിവരം.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം, ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നഗരത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നതിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

