മനസ്സ് മരവിക്കും ക്രൂരത ; പൂണെയിൽ നാലുവയസ്സു കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി,65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ: പുണെയിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കേസിൽ പ്രതിയായ 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച പുണെയിലെ ഭോർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
സ്‌കൂൾ അവധിക്കാലമായതിനാൽ പുണെയിലെ അമ്മവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതിയായ 65-കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ആഹാരം നൽകാമെന്ന് വാഗ്ദാനംചെയ്ത് സമീപത്തെ ഒരു കന്നുകാലി തൊഴുത്തിന് സമീപത്തേക്കാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവിടെവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. കുട്ടിയെ കാണാനില്ലെന്ന് പോലീസിലും പരാതി നൽകി. ഇതിനിടെ പ്രദേശത്തെ ചില സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടത്. ഈ മേഖലയിൽ തിരച്ചിൽ നടത്തിയതോടെ കന്നുകാലി ഷെഡ്ഡിന് സമീപം കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
നാലുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ പോലീസ് ഔട്ട്‌പോസ്റ്റിന് മുന്നിൽ കുത്തിയിരുന്നു. പിന്നാലെ മുംബൈ-ബെംഗളൂരു ഹൈവേയും ഉപരോധിച്ചു. പോലീസിന്റെ ഉറപ്പ് ലഭിക്കാതെ പോസ്റ്റ്‌മോർട്ടം നടത്താനാകില്ലെന്നും നിലപാടെടുത്തു. ഒടുവിൽ 15 ദിവസത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് നാട്ടുകാർക്ക് ഉറപ്പുനൽകി. അതിവേഗ കോടതിയിൽ വിചാരണ നടത്തി വേഗത്തിൽ ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അറസ്റ്റിലായ 65-കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം. പ്രതിയുടെ കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ ഏറെക്കാലമായി മേഖലയിൽ കൂലിപ്പണി ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. 1998-ലും 2015-ലും ഇയാൾ ഓരോ കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. പിന്നീട് ഈ കേസുകളിൽ കുറ്റവിമുക്തനാക്കപ്പെട്ടെന്നും പോലീസ് പറഞ്ഞു.

