സലിം കുമാറിൻ്റെ മൃതദേഹം പറവൂരിലെ ടൗൺ ഹാളിൽ എത്തിച്ചു. ഉച്ചക്ക് ഒരു മണി വരെ പൊതുദർശനം , നിരവധി പേർ അനുശോചിച്ചു

കൊച്ചി: ഹാസ്യവേഷങ്ങളിലൂടെ അരങ്ങുതകർക്കുകയും, തന്റേതായ അഭിനയശൈലികൊണ്ട് ഗൗരവമുള്ള കഥാപാത്രങ്ങളിൽ അത്ഭുത തീർക്കുകയും ചെയ്ത സലീം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ എത്തിച്ചു. ഉച്ചക്ക് ഒരു മണി വരെ പൊതുദർശനത്തിന വെക്കും. സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖർ ടൗൺഹാളിൽ എത്തിയിട്ടുണ്ട്. പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരമർപ്പിക്കാൻ ടൗൺഹാളിൽ എത്തിച്ചേരും.
നടൻ സലിം കുമാറിൻ്റെ നിര്യാണത്തിൽ സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അനുശോചിച്ചു
നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ സലിംകുമാർ വിടവാങ്ങിയതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

‘ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹീതനായ കലാകാരൻ. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമക്ക് അകത്തും പുറത്തും ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാർ. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു,’ മോഹൻലാൽ കുറിച്ചു.

സിനിമക്കുണ്ടായ വലിയ നഷ്ടമാണ് സലിംകുമാറിന്റെ വിയോഗം. മുഖ്യമന്ത്രി വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.രാജീവ്, കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, നടൻ മമ്മൂട്ടി തുടങ്ങിയവർ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

‘മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിംകുമാറിന്റെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ദശാബ്ദങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ആ അതുല്യ പ്രതിഭയുടെ വേർപാട് കലാകേരളത്തിന് വലിയൊരു നഷ്ടമാണ്. പ്രിയപ്പെട്ട സലിംകുമാറിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,’ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *