AI girlfriend

തൂഫാൻ വാരിയർ’ ബാഡ്ജ് അണിഞ്ഞ് കാന്തപുരം; ലഹരിക്കെതിരെ മർകസും.

കോഴിക്കോട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കാരന്തൂർ മർകസിൽ അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങൾക്ക് പുറമേ സമകാലിക സാമൂഹിക സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ നിർവഹിക്കുന്ന പദ്ധതികളും സംസാര വിഷയമായി.

ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദ് നർകോ ഹണ്ട്’ ക്യാംപെയ്നു പിന്തുണ ഉണ്ടാകണമെന്നു മന്ത്രി അഭ്യർഥിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്‌ഘടകങ്ങളുടെയും മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും പദ്ധതിക്ക് ഉണ്ടാവുമെന്ന് കാന്തപുരം ഉറപ്പുനൽകി. കാന്തപുരത്തെ ‘തൂഫാൻ വാരിയറായി’ പ്രഖ്യാപിച്ച് മന്ത്രി ബാഡ്ജ് അണിയിച്ച് ഫ്ലാഗ് കൈമാറി.
ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും അധിവസിക്കുന്ന സംസ്ഥാനം എന്ന നിലയിൽ തൂഫാൻ ക്യാംപെയ്ൻ പ്രവർത്തനം മലയാളത്തിനു പുറമെയുള്ള ഭാഷകളിലും വ്യാപിപ്പിക്കണമെന്നും ലഹരിയുടെ അന്യസംസ്ഥാന വേരുകൾ കണ്ടെത്താൻ ഇതു സഹായകമാകുമെന്നും കാന്തപുരം പറഞ്ഞു. ഉത്തരമേഖല ഐജിയും തൂഫാൻ നോഡൽ ഓഫിസറുമായ പുട്ട വിമലാദിത്യയെ അപ്പോൾ തന്നെ മന്ത്രി ഈ നിർദേശം അറിയിച്ചു.
കൂടിക്കാഴ്ചയിൽ എം.കെ. രാഘവൻ എംപി, ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഡിസിസി പ്രസിഡന്റും എംഎൽഎയുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ കെ.ജയന്ത്, എം.എ. റസാഖ്, മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *