AI girlfriend

ഇന്നുമുതല്‍ പെറ്റി പിരിക്കില്ല, എഐ ക്യാമറ പെറ്റിക്ക് അനുമതി നല്‍കില്ല, എഎംവിഐമാര്‍ വണ്ടിയും ഓടിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പിലെ സംഘടനകള്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനില്‍ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകള്‍

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം.

ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച്‌ ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതല്‍ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപില്‍ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.

തിങ്കളാഴ്ച മുതല്‍ ചലാൻ നല്‍കുന്നതില്‍നിന്ന് വിട്ടുനല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകള്‍ വഴിയുള്ള പെറ്റിയും തിങ്കളാഴ്ച മുതല്‍ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് എംവിഐമാരാണ്. ഇതില്‍നിന്നും ഉദ്യോഗസ്ഥർ വിട്ടുനല്‍ക്കും. ഡ്രൈവർമാരുടെ അഭാവത്തില്‍ പലയിടത്തും വാഹനങ്ങള്‍ ഓടിക്കുന്നത് എഎംവിഐമാരാണ്. എന്നാല്‍, ഇനിമുതല്‍ ഉദ്യോഗസ്ഥർ വണ്ടിയോടിക്കേണ്ടതില്ലെന്നാണ് തീരുമാനം. മാത്രമല്ല, ഫെയ്സ് ആപ്പിലെ ആശങ്കകള്‍ ദുരീകരിക്കാത്തതിനാല്‍ ഫെയ്സ് ആപ്പ് വഴി ഹാജർ നല്‍കില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട അടൂരില്‍ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.

അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജു, ഷം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാല്‍, പ്രളയ രക്ഷാപ്രവർത്തനത്തിനിടയല്ല, അടൂരില്‍ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിന് പിഴയിട്ടത് വിവാദമായതോടെ ആറന്മുള എംഎല്‍എ അബിൻ വർക്കി ഇടപെട്ട് പിഴ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരുടെ നടപടി അനൗചിത്യമായെന്ന് ചൂണ്ടിക്കാട്ടി ഇവരെ സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *