കുഞ്ഞ് നിലത്തു വീണു പിടഞ്ഞു, അതോടെ ഭയന്നുപോയി’; മലയിൻകീഴ് കുഞ്ഞിന്റെ കൊലയ്ക്ക് പിന്നിൽ ഭർത്താവിന്റെ അനാവശ്യ സംശയം?, ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരി ഇവാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവം നടന്നതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റി വിഷം കഴിച്ചതായി സംശയമുള്ളതിനാൽ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
മകളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്ന് ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം കുട്ടി നിലത്തു വീണു പിടയുന്നത് കണ്ടപ്പോൾ പരിഭ്രാന്തയായതോടെ ആത്മഹത്യ ചെയ്യാൻ സാധിച്ചില്ലെന്നാണ് ഇവർ നൽകിയ മൊഴി. ഇത് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൊല്ലപ്പെട്ട കുഞ്ഞ് ഇവാനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭർത്താവ് അഭിജിത്തുമായുള്ള കടുത്ത കുടുംബപ്രശ്നങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഭർത്താവിന് തന്നെ അനാവശ്യമായി സംശയമായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് പോലും പോകാൻ അനുവദിച്ചിരുന്നില്ലെന്നും ക്രിസ്റ്റി വെളിപ്പെടുത്തി.
സംഭവദിവസവും ദമ്പതികൾ തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു. വൈകുന്നേരം നാലു മണിയോടെ ബന്ധുവായ കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ “ഞാൻ എന്റെ കൊച്ചിനെ കൊന്നേ…” എന്ന് ക്രിസ്റ്റി നിലവിളിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

