സൂഫി സംഗീതം; മരുമകളെ തള്ളാതെയും കൊള്ളാതെയും ഹുസൈൻ മടവൂർ : സൂഫിസത്തെ എതിർക്കുന്നതിൽ മുജാഹിദുകൾ മാത്രമല്ല കോർപ്പറേറ്റ്സുന്നികളും ഒപ്പമുണ്ടെന്ന് ശബ്നം
കോഴിക്കോട് : സൂഫി ആധ്യാത്മിക പരിപാടി സംഘടിപ്പിച്ച ഫറൂഖ് കോളേജ് അധ്യാപികയും മരുമകളുമായ ശബ്നം നൂർജഹാനെതിരെ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നിലപാട് തുറന്നുപറഞ്ഞ് ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയും ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് (എച്ച്ആർഡിഎഫ് ഡൽഹി) ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ. “നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം” എന്ന വിശുദ്ധ ഖുർആൻ്റെ സന്ദേശങ്ങൾ തൻ്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൻ്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും എന്നും ഉറച്ചുനിന്നിട്ടുണ്ടെന്നും അതോടൊപ്പം അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലർത്തണമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും ഹുസൈൻ മടവൂർ ഫെയ്സ് ബുക്കിൽ കുറിച്ചു
മക്കളോടായാലും മരുമക്കളോടായാലും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ പറയാറുണ്ടെന്നും ഈ വിഷയത്തിലും തൻ്റെ ബാധ്യത നിർവഹിച്ചിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യുമെന്നും അതിനുള്ള നല്ല അന്തരീക്ഷം നിലനിർത്തിയിട്ടുണ്ടെന്നും ഹുസൈൻ മടവൂർ നിലപാട് വ്യക്തമാക്കി. മരുമകളുടെ നിലപാടുകളെ തള്ളാതെയാണ് ഹുസൈൻ മടവൂർ തൻ്റെ വിശദീകരണം നൽകിയിരിക്കുന്നത്. “മതത്തിൽ നിർബന്ധമില്ല”, “നീ ഉദ്ബോധകൻ മാത്രമാണ്; അവരുടെ മേൽ അധികാരം ചെലുത്തുന്നവനല്ല”, “നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എൻ്റെ മതം”, എന്നീ ഖുർആൻ വചനങ്ങളോടെയാണ് അദ്ദേഹം വിവാദങ്ങൾക്ക് വിശദീകരണം.ഇതിനിടെ സൂഫിസത്തെ എതിർക്കുന്നതിൽ മുജാഹിദുകൾ മാത്രമല്ല കോർപ്പറേറ്റ്സുന്നികളും ഒപ്പമുണ്ടെന്ന് ശബ്നം നൂർജഹാൻ. മുജാഹിദുകളുടെ സൂഫി വിരോധം വഹാബിസത്തിലൂടെ തുടങ്ങിയതാണെന്ന് ശബ്ന ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു

