നെടുമ്പാശ്ശേരി അപകടം; എല്ലാം നിയമപരമായി നടക്കട്ടെ; ഞങ്ങൾ മരിച്ച കുട്ടികളുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകും : സുഹൈലിന്റെ മാതാവ്
കോഴിക്കോട് :നെടുമ്പാശേരി വാഹനാപകടത്തില്‍ കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടുപോകട്ടെയെന്ന് പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. സത്യം പുറത്തുവരട്ടെെയന്നും മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമെന്നും നൂഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. തങ്ങളാൽ ആവുന്ന എല്ലാ പിന്തുണയും ആ കുടുംബങ്ങള്‍ക്ക് നൽകുമെന്നും നൂഹ വ്യക്തമാക്കി. വിഷയം നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും സത്യസന്ധമായി അന്വേഷിക്കപ്പെടട്ടെയെന്നും നൂഹ പറയുന്നു. യഥാർഥ വാർത്തകൾ മാത്രം പുറത്തുവരട്ടെ, എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് നിരവധി അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും ഇത് തങ്ങളുടെ കുടുംബത്തെയും ഭാവിയെയും ഗുരുതരമായി ബാധിക്കുന്നുവെന്നും നൂഹ പറഞ്ഞു.
‘ഞങ്ങളും നാല് പേർ അടങ്ങുന്ന ഒരു സാധാരണ കുടുംബമാണ്. ഒരു അമ്മയെന്ന നിലയിൽ എന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയും ഒരുവശത്തുണ്ട്, അതേസമയം മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ വേദന മറുവശത്തുമുണ്ട്. ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു’ നൂഹ പറയുന്നു. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും, സാധാരണ മനുഷ്യരായ തന്നെയും കുടുംബത്തെയും ഈ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് നൂഹ വിഡിയോ അവസാനിപ്പിക്കുന്നത്
നൂഹയുടെ വാക്കുകള്‍: ‘കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഒരു അമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ള കുറച്ച് കാര്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. അതായത് നമ്മൾക്ക് നഷ്ടപ്പെട്ടത് മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവിതമാണ്. ആ മൂന്ന് കുഞ്ഞുങ്ങളോടുള്ള അനുശോചനം ഞാൻ അറിയിക്കുന്നു. അതോടൊപ്പം തന്നെ അവരുടെ വീട്ടിലെ തീരാ ദുഃഖം എനിക്കറിയാം. കാരണം മക്കളെ നമ്മൾ ഇത്രയും സ്നേഹത്തോടുകൂടി വളർത്തി വലുതാക്കി അവരുടെ ഒരുപാട് സ്വപ്നങ്ങളുമായിട്ട് നമ്മൾ മുന്നോട്ടുപോകുമ്പോൾ ഇടയ്ക്ക് വെച്ച് അവർ നഷ്ടപ്പെടുന്ന വേദന എന്ന് പറഞ്ഞാൽ നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ആണെന്ന് എനിക്കറിയാം. ഒരു ഓരോ കുഞ്ഞു നഷ്ടപ്പെടുമ്പോൾ ഒരു അമ്മയുടെ വേദന അല്ലെങ്കിൽ അവരുടെ അച്ഛന്റെ വേദനയൊക്കെ മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ.
എന്റെ ഒരു വാക്കുകൾ കൊണ്ടൊന്നും അവരുടെ തീരാദുഃഖത്തിന് ഒരു കുറവും വരില്ല എന്ന് എനിക്കറിയാം. പക്ഷേ എന്നാലും ഞാൻ കുഞ്ഞുങ്ങളുടെ വീട്ടുകാരോടും കുഞ്ഞുങ്ങളോടുമുള്ള അനുശോചനം ഞാൻ രേഖപ്പെടുത്തുകയാണ്. ഈ അപകടത്തിനോടനുബന്ധിച്ച സംഭവങ്ങൾ അതിനോടനുബന്ധിച്ച ആളുകൾ അന്വേഷിക്കട്ടെ. നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി മാത്രം നടക്കട്ടെ. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ എന്ന് മാത്രമാണ് ഞാൻ ഇതിൽ ആഗ്രഹിക്കുന്നത്.

