കേരള സ്റ്റോറി;മതവിദ്വേഷം മാത്രം; ദേശീയ പുരസ്കാരത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് വിദ്വേഷ ക്യാമ്പയിന്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തിലൂടെയും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദി കേരള സ്റ്റോറിക്ക് മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ദേശീയ പുരസ്കാരം നല്‍കിയതെന്നും വി.ഡി. സതീശന്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കേരള സ്റ്റോറിക്ക് പുരസ്കാരം നല്കിയ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന് പറഞ്ഞു. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്കുന്ന സംഘപരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘപരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും വി.ഡി. സതീശന് പറഞ്ഞു. സംഘപരിവാര്‍ രാജ്യം ഭരിക്കുമ്പോള്‍ ദേശീയ പുരസ്കാരങ്ങളിലും വിദ്വേഷ ക്യാമ്പയിന് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

